തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പ് ബ്രൂണയ്യിലുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം പോലീസ് തള്ളി. പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദരമേനോന്റെതാണെന്നും സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് പറഞ്ഞു.
ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്ത് സെന്റ് ഭൂമിയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചെന്നും എസിപി വ്യക്തമാക്കി. പ്രചരിക്കുന്ന ചിത്രം ദാമോദര മേനോന്റെതാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.
ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും നിലവിൽ വിദേശത്താണെന്നും നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ഫോണിൽ പറഞ്ഞതായും പോലീസ് അറിയിച്ചു.
അതേസമയം ദാമോദര മേനോന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ചിത്രം എങ്ങനെ പ്രചരിച്ചു എന്നതിൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സുകുമാര കുറുപ്പിന്റെ ചിത്രമെന്ന പേരിൽ മുൻപും ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നതായി പോലീസ് പറഞ്ഞു.